അരികൊമ്പന്റെ ആരോഗ്യം തൃപ്തികരമല്ലെന്നും അതുകൊണ്ട് തൽക്കാലം ആനയെ കാട്ടിൽ തുറന്നു വിടുന്നില്ല എന്ന വാർത്തയാണ് പുറത്തുവന്നിരുന്നത്. തിരുനെൽവേലിക്കടുത്ത് കോതയാർ ഭാഗത്തെത്തിയ അരികൊമ്പനെ കാട്ടിൽ തുറന്നു വിടില്ല എന്നാണ് അറിയുവാൻ കഴിയുന്നത്. വൈകുന്നേരം അഞ്ചരയോടെയാണ് കോതയാർ വനമേഖലയിലേക്ക് ആനയേയും കൊണ്ട് തമിഴ്നാട് വനപാലകർ യാത്രതിരിച്ചത്. അണക്കെട്ടിന് സമീപത്ത് നിന്നും 35 കിലോമീറ്റർ അകലെയാണ് അരികൊമ്പനെ തുറന്നുവിടാൻ ഉദ്ദേശിച്ചത്. എന്നാൽ ആനയുടെ ആരോഗ്യം പരിശോധിച്ചപ്പോൾ തൃപ്തികരമല്ലാത്തതിനാൽ ആനയെ കാട്ടിലേക്ക് തുറന്നു വിടേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു. ആവശ്യമെങ്കിൽ ആനയ്ക്ക് എല്ലാവിധ ചികിത്സയും നൽകുവാൻ തമിഴ്നാട് വനം വകുപ്പ് തയ്യാറാണെന്നും അറിയിച്ചിരുന്നു. 24 മണിക്കൂർ ആന നിന്നത് ആനയെ വനത്തിലേക്ക് കൊണ്ടുപോയ ലോറിയിലാണ്. മോശം കാലാവസ്ഥയും വെളിച്ചക്കുറവുമാണ് ആനയെ പുറത്തേക്കിറക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയത്. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്ന് പറഞ്ഞ് അതേ സംഘം തന്നെയാണ് ഇപ്പോൾ ആനയുടെ ആരോഗ്യം തൃപ്തികരമല്ല എന്നും അറിയിച്ചിരിക്കുന്നത്.