ജൂൺ മാസത്തെ റേഷൻ വിഹിതം പ്രഖ്യാപിച്ചു: ഇത്തവണ എപിഎല്ലിനും വിഹിതം കൂടുതൽ

സംസ്ഥാനത്ത് 93 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന റേഷൻ വിഹിതത്തിന്റെ അറിയിപ്പ് പുറത്തുവിട്ടു. ഭക്ഷ്യവിതരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എല്ലാത്തരം റേഷൻ ഉടമകൾക്കും ജൂൺ മാസത്തിൽ ലഭിക്കുന്ന റേഷൻ വിഹിതത്തിന്റെ വിവരങ്ങൾ ആണ് ഭക്ഷ്യവിതരണ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ജൂൺ ഒന്നുമുതൽ ജൂൺ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഈ-പോസ്സ് തകരാറുകൾ ഇടയ്ക്കിടെ വരുന്നതിനാൽ റേഷൻ വാങ്ങാൻ പോകുന്നവർ റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ കൊണ്ടുപോകേണ്ടതാണ്. ഇതുവഴി ഈ-പോസ്സ് തകരാറിലായാലും ഒടിപി വഴി റേഷൻ വാങ്ങാവുന്നതാണ്. എ എ വൈ മഞ്ഞ കാർഡിന് 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ, രണ്ട് പാക്കറ്റ് ആട്ട 6 രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര. 21 രൂപ നിരക്കിലും ലഭിക്കുന്നതാണ്. പി എച്ച് എച്ച് പിങ്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ച് പകരം മൂന്ന് പാക്കറ്റ് ആട്ട 8 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. എൻ പി എസ് നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കിൽ ലഭിക്കും. താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ച് കാർഡിന് രണ്ട് കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. എൻ പി എൻ എസ് വെള്ള കാർഡിന് 10 കിലോ അരി കിലോയ്ക്ക് 10 രൂപ 90 പൈസ നിരക്കിൽ ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ച് രണ്ട് കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. എൻപിഐ ബ്രൗൺ കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10 രൂപ 90 പൈസ നിരക്കിൽ ലഭിക്കും. കൂടാതെ ഒരു കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. ഏപ്രിൽ മെയ് ജൂൺ എന്നീ മൂന്ന് മാസങ്ങളിലേക്കായി എല്ലാ വിഭാഗത്തിലുള്ള വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡുകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും, പി എച്ച് എച്ച്, എ എ വൈ വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണ വീതവും ലഭിക്കുന്നതാണ്. നീല വെള്ള കാർഡുകൾക്ക് മണ്ണെണ്ണ ലഭിക്കുന്നതല്ല. ആറായിരത്തിലധികം പ്രേക്ഷകടകളിലൂടെ ഒരു കിലോ റാഗി വിതരണം ചെയ്യുമെന്ന് നേരത്തെ ഭക്ഷ്യ മന്ത്രി അറിയിച്ചിരുന്നുവെങ്കിലും നിലവിൽ ഇതേക്കുറിച്ചു വിവരമൊന്നും ലഭ്യമല്ല.